ശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
ശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച(മെയ് 7) വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്.
കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.
ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.
പത്രം, പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം
തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.
മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം.
ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല
ഇന്ന്(മെയ് 5)തെക്കന്‍ ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും നാളെ ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്ക്, മധ്യ – കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മെയ് ഏഴിന് മധ്യ – കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും മെയ് എട്ട്, ഒമ്പത് തീയതികളില്‍ മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ (മെയ് 6) ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.