പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/06/2024 )

യോഗ പരിശീലനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ  അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  യോഗ പരിശീലനം ആരംഭിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമായ് കുന്നന്താനത്തെ രൂപപ്പെടുത്തിയ യോഗ-കുങ് ഫു ട്രെയ്നര്‍ മാസ്റ്റര്‍ എം.ജി. ദീലീപാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫോണ്‍ : 9495999688,6235732523.

പ്രീഡിഡിസി യോഗം മാറ്റിവെച്ചു

ജൂണ്‍ 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസനസമിതി പ്രീഡിഡിസി യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും.

മസ്റ്ററിംഗ്

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍  അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും  മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577.

ഇ-ഗ്രാന്റ്‌സ് ക്ലെയിമുകള്‍ 30 ന് മുന്‍പായി സമര്‍പ്പിക്കണം

2023-24 അധ്യന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് ക്ലെയിമുകള്‍ക്കായി ജൂണ്‍ 30 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 30 ന് ശേഷം ഇ- ഗ്രാന്റ്‌സ് സൈറ്റ്  ലഭ്യമാകില്ലന്നും പ്രസ്തുത വര്‍ഷത്തെ ക്ലെയിമുകള്‍ പുതുതായി സമര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുന്നതല്ലെന്നും  റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :  04735 227703.

വാര്‍ഷിക മസ്റ്ററിംഗ്  

കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന  ഗുണഭോക്താക്കള്‍  ഓഗസ്റ്റ് 24ന് മുന്‍പായി അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ-മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 0468-2220248.

ക്വട്ടേഷന്‍

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ട് വിടുന്നതിനും ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 28. ഫോണ്‍ : 04734 285225.

 

ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ലളിതമായ മാര്‍ഗം : ജില്ലാ കളക്ടര്‍

ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ലളിതമായ  മാര്‍ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്ന്  ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം  കളക്ടറേറ്റ് പമ്പ ഹാളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഏതു പ്രായത്തിലുള്ളവര്‍ക്കും ഏറ്റവും ലളിതമായി ചെയ്യാന്‍ കഴിയുന്ന വ്യായാമ മുറയാണ് യോഗ.  ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും കൃത്യമായ യോഗ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് യോഗ ശാസ്ത്രം ഉത്തമമാണ് എന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു.യോഗയുടെ പ്രാധാന്യം ഈ ദിനത്തില്‍ മാത്രം ഒതുക്കാതെ ജീവിത ദിനചര്യയുടെ ഭാഗമാക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ് ശ്രീകുമാര്‍ അധ്യക്ഷ പ്രസംഗം നടത്തി. നാഷണന്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗാം മാനേജര്‍ ഡോ. അഫീന അസീസ്, ഹോമിയോപ്പതി വകുപ്പ്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. ബിജുകുമാര്‍, കുടുബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, നാഷണല്‍ ആയുഷ് മിഷന്‍ യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ തുളസി, യോഗ പരിശീലകരായ സ്മിത എസ് നായര്‍, ടി ജെ ജെറി മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ജാഥ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗാദിന പ്രചരണത്തിന്റെ ഭാഗമായി യോഗ വ്യക്തിക്കും സമൂഹത്തിനും എന്ന ഈ വര്‍ഷത്തെ സന്ദേശത്തിലൂന്നി തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയവര്‍ക്കുള്ള  സമ്മാനദാനം കളക്ടര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് യോഗാ പ്രദര്‍ശനവും  യോഗ നൃത്തവും സംഘടിപ്പിച്ചു.

.

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം, ജോലി നേടാം അസാപിലൂടെ

ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ആദ്യ രണ്ടു മാസം അടൂര്‍ ഗവ. പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലും ആയിരിക്കും പരിശീലനം.  ഫോണ്‍ : 9447454870,7994497989.  (

രോഗബാധിതര്‍കൂടുന്നു :എലിപ്പനിയെ നിസാരമായി കാണരുത്

മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി ,പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, റോഡ്പണി ചെയ്യുന്നവര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഉയര്‍ന്നരോഗ സാധ്യത ഉള്ളവരാണ്.

 

ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണ്. ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. മലിനമായ മണ്ണിലും കളിസ്ഥലങ്ങളിലും റോഡിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കെട്ടികിടക്കുന്ന വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതും രോഗബാധയ്ക്ക് കാരണമാകും. ജില്ലയില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധവേണം.

പനി, തലവേദന,പേശിവേദന, കഠിനമായക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം. ലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയംചികിത്സക്ക് മുതിരുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് എലിപ്പനി രോഗബാധ ഗുരുതരമാവുകയും വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണകാരണമാവുകയും ചെയ്യും. രോഗ സാധ്യതകൂടിയ ഇടങ്ങളില്‍ ജോലി  ചെയ്യുന്നവര്‍ക്ക് പനി വന്നാല്‍ ഉടന്‍ ചികിത്സ തേടുകയും ജോലി ചെയ്ത ഇടത്തെക്കുറിച്ച് ഡോക്ടറോട് പറയുകയും വേണം. എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍  മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച്  മാറ്റുകയോ / കോതി ഒതുക്കുകയോ   ചെയ്ത് അപകട സാധ്യത ഒഴിവാക്കണം. മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും  ദുരന്ത നിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആസ്തി രജിസ്റ്റര്‍ കാലികമാക്കുന്നു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ കാലികമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച  റോഡുകളുടെ ലിസ്റ്റ് പൊതുജനശ്രദ്ധയ്ക്കായി റാന്നി പെരുനാട് കൃഷി ഓഫീസ്, പെരുനാട് വില്ലേജ് ഓഫീസ്‌, കൊല്ലമുള വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപമുളളവര്‍ ആയത് രേഖാമൂലം 30 ദിവസത്തിനുളളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ പദ്ധതിവഴി നടപ്പാക്കുന്ന ഒആര്‍സി പദ്ധതിയുടെ 2024-2025 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

 

യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തിപരിചയവും / ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും/ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍.
ഹോണറേറിയം: കൈകാര്യംചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ച്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 01.06.2024 ന് 40 വയസ് കവിയരുത.് അപേക്ഷകള്‍ ജില്ലാശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട -689 533 എന്ന വിലാസത്തില്‍ ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാല്‍ മുഖേന  ലഭിക്കണം.
ഫോണ്‍. 0468 2319998.

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള നേഴ്സിംഗ് ഉള്‍പ്പെടെയുളള പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുളള ആരോഗ്യകേന്ദ്രങ്ങളില്‍  താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയായ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

നേഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സ് ബിരുദം /ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21-35 വയസ്. നിയമന കാലാവധി – ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ   ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് /  ഐടിഡിപി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിനകം  സമര്‍പ്പിക്കണം. ഫോണ്‍ : 04735227703,  വെബ്‌സൈറ്റ് : www.stdkerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *