കോന്നി ഇളകൊള്ളൂര്‍ ശ്രീനാരായണ സദനത്തിൽ ശില്പങ്ങൾ വിലപിക്കുന്നു

 

കെ.എസ് റ്റി പി റോഡുവികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തപ്പോൾ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗവും, വീടും നിലനിർത്താനായി അധികൃതരുടെ കരുണ തേടുകയാണ് ഇവിടെ ഒരു ശില്പി.

കോന്നി – കുമ്പഴ റോഡിൽ ഇള കൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിനു സമീപത്തായി ശില്പ നിർമ്മാണം നടത്തുന്ന ശ്രീനാരായണസദനത്തിൽ രാജ ഗോപാലിനാണ് ഈ ദുർവിധി. ഉയർന്നു കിടന്ന വീടിന്റെ മുൻഭാഗം റോഡ് വികസനത്തിന്റെ ഭാഗമായി താഴ്ത്തിയതോടെ ഏതാണ്ട് 25 അടി ഉയരത്തിലായി വീടിന്റെ സ്ഥാനം. ഇവിടെ റോഡിലെ പാറ പൊട്ടിച്ച് നീക്കിയപ്പോൾ വീട്ടിനുണ്ടായ ക്ഷതവും വേറെ. 4 സെന്റ് സ്ഥലത്തിൽ രണ്ട് സെന്റ് കെ എസ് റ്റി പിക്ക് വീട്ടു നൽകിയിരുന്നു.

കെ എസ് റ്റി പി കല്ലിട്ട് തിരിച്ച സ്ഥലത്തിൽ നിന്നും 15 അടി നീളത്തിൽ ഒരു മീറ്റർ സ്ഥലം ഒഴിവാക്കിയാണ് കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചു നീക്കിയത്. വീടിന്റെ ബിം പൊളിച്ചു മാറ്റിയാൽ വീട് മൊത്തത്തിൽ തകരുന്നത് ഒഴിവാക്കാനാണ് അന്ന് ഇത് ഒഴിവാക്കിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇവിടെ വീട്ടിലേക്ക് കയറുന്നതിനും മാർഗ്ഗമില്ല. മുൻഭാഗത്തേ വീടിന്റെ അരികിനോട് ചേർന്നാണ് പാറ പൊട്ടിച്ചു നീക്കിയത്. വീടിന്റെ ഇടതു വശത്തോട് ചേർന്നുള്ള ഇടറോഡും പി എം റോഡുവികസിപ്പിച്ചപ്പോൾ ഉയർന്നിരുന്നു. പ്രധാന പാതയിലേക്ക് ഈ റോഡു ചേർക്കാനായി താഴ്ത്തിയാൽ രാജ
ഗോപാലിന്റെ വീടിന്റെ ഇടതു ഭാഗവും തകരും. ഇത് ഒഴിവാക്കി റോഡു താഴ്ത്താൻ ശ്രമിക്കാത്തതും വീടിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കും.

 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉൾപ്പെടെ പല പ്രമുഖരുടെയും ആദരവ് ഏറ്റുവാങ്ങിയിട്ടുള്ള ഈ ശിൽപിയുടെ പ്രതിമ നിർമ്മാണവും ഈ വീടിനുള്ളിൽ തന്നേയാണ്. ഭാര്യയും മകളും കൊച്ചുമകളും ഉൾപെടുന്ന വീടിനുള്ളിലെ ഒരു മുറിയിൽ നിറയെ വിവിധ തരത്തിലുള്ള ശിൽപ്പങ്ങളും മറ്റൊരു മുറിയിൽ ആടുകളെയും പാർപ്പിച്ചിട്ടുള്ള ഈ കുടുംബവും ഇതിനുള്ളിൽ തന്നെയാണ് കഴിയുന്നത്.

റോഡിൽ നിന്നും വീട്ടിലേക്ക് കയറാനുള്ള മാർഗ്ഗങ്ങൾ കൂടി അടച്ചാണ് ഇവിടെ കെ എസ് റ്റി പി നിർമ്മാണം നടത്തിയിരിക്കുന്നത്. നേരത്തേ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാര തുക ലഭിച്ചിരുന്നെങ്കിലും വീട് നഷ്ടപ്പെടുന്ന തരത്തിലാണ് നിർമ്മാണം നടക്കുക എന്നറിഞ്ഞില്ലെന്നാണ് രാജ ഗോപാൽ പറയുന്നത്.

പി എം റോഡിന്റെ മണ്ണാറക്കുളഞ്ഞി മുതൽ കലഞ്ഞൂർ വരെ പലയിടത്തും സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി നിർമ്മാണം നടത്തിയിട്ടുള്ള അധികൃതർ ശ്രീനാരായണ സദനത്തിന്റെ നിലനിൽപ്പിനു മാത്രം അനുകൂല നിലപ്പാട് സ്വീകരിക്കാത്തത് തങ്ങള്‍ ബലഹീനരായതിനാൽ ആണെന്നാണ് കുടുംബം പറയുന്നത്. ഹൈകോടതിയെയും ജില്ലാ കളക്ടറേയും സമീപിച്ചിരിക്കുകയാണ് ഇവർ. തങ്ങളുടെ വിലാപങ്ങൾ കേൾക്കാൻ നിശബ്ദ വിഗ്രഹങ്ങൾ മാത്രമാണിന്ന് ഇവർക്ക് ഏക ആശ്രയം.

Leave a Reply

Your email address will not be published. Required fields are marked *