പത്തനംതിട്ട ജില്ലയില്‍ എലിപ്പനി കൂടുന്നു; ജാഗ്രത

ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 26 പേര്‍ക്ക് എലിപ്പനി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേര്‍ക്ക് സംശയാസ്പദ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍, മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കെട്ടികിടക്കുന്ന വെളളത്തില്‍ ജോലി ചെയ്യുന്നവര്‍, ക്ഷീര കര്‍ഷകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, മീന്‍പിടുത്തക്കാര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ഇങ്ങനെയുളളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് ഡോക്സി സൈക്ലിന്‍ കഴിക്കണം.

 

വിറയലോടുകൂടിയ പനി, ശക്തമായ പേശീവേദന പ്രത്യേകിച്ചും കാല്‍വണ്ണയിലെ പേശികളില്‍, തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഒരു കാരണവശാലും പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല.

 

ജില്ലയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ അധികവും കെട്ടികിടക്കുന്ന വെളളത്തിലും, പാടശേഖരങ്ങളിലും തോടുകളിലും മീന്‍ പിടിക്കുന്നവരിലുമാണ്. ശരീരത്തില്‍ മുറിവുകള്‍ ഉളളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങരുത്. കെട്ടികിടക്കുന്ന വെളളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ടുകളും, റബ്ബര്‍ കയ്യുറകളും ധരിക്കണം. രോഗപ്രതിരോധത്തിനായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡോക്സി സൈക്ലിന്‍ കഴിക്കണം. ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *